പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് പത്തനംതിട്ടയിൽ പ്രത്യേക കോടതിയെന്ന നിർദേശം സംസ്ഥാന സർക്കാരും അംഗീകരിച്ചു. പ്രത്യേക കോടതി സംബന്ധിച്ച് ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്. കോടതി വേണമെന്ന നിർദേശം ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സർക്കാർ നൽകും.
കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം അനുസരിച്ച് പ്രത്യേക കോടതി അനുവദിക്കാനാകും. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നിക്ഷേപ സംരക്ഷണനിയമം (ബഡ്സ്) ചുമത്തിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പ്രത്യേക കോടതിയുടെ പരിഗണനയിലാകും. നിലവിൽ ആലപ്പുഴ, തൃശൂർ കോടതികൾ സാമ്പത്തിക കുറ്റാന്വേഷണ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളുണ്ട്. പോപ്പുലർ കേസുകൾ ആലപ്പുഴയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പരാതികളുടെ ആധിക്യവും ഉടമകളുടെ പാപ്പർ ഹർജി ഉൾപ്പെടെയുള്ളവയും പരിഗണിച്ച് പത്തനംതിട്ടയിൽ തന്നെ പ്രത്യേക കോടതി വേണമെന്ന നിർദേശമാണ് സർക്കാർ നൽകുന്നത്. ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള കോടതിയാകും പ്രത്യേക കോടതിയായി വരിക.