നരിയാപുരം: കോന്നി വകയാര്‍ ആസ്‌ഥാനമായി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ തുടക്കം നരിയാപുരത്ത് നിന്നുമായിരുന്നുവെന്ന് വേണം പറയാന്‍. 1950 കളില്‍ തെങ്ങുവിളയില്‍ ചിട്ടിഫണ്ട് എന്നൊരു സ്‌ഥാപനം ഇവിടെയുണ്ടായിരുന്നു. തെങ്ങുവിളയില്‍ കുഞ്ഞച്ചന്‍ എന്നയാളായിരുന്നു തലയാള്‍. കുഞ്ഞച്ചന്റെ അടുത്ത ബന്ധുവായിരുന്നു പിന്നീട് പോപ്പുലറിന്റെ സ്‌ഥാപകനായ ഇണ്ടിക്കാട്ടില്‍ ഡാനിയല്‍. അദ്ദേഹം എം.എസ്.സി.എല്‍.പി.എസ് അധ്യാപകന്‍ കൂടിയായിരുന്നു. കുഞ്ഞച്ചന്റെ ചിട്ടിഫണ്ടിലെ മുഖ്യപങ്കാളിയും ഡാനിയല്‍ ആയിരുന്നു.
നരിയാപുരം ചിട്ടിഫണ്ട് എന്ന പേരില്‍ സ്‌ഥാപനം വളര്‍ന്നു. ഡാനിയലും സഹോദരന്മാരും ചിട്ടിഫണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൂപ്പുകരാറുകാരന്‍ കൂടിയായിരുന്നു കുഞ്ഞച്ചന്‍. കൂപ്പ് ബിസിനസിലേക്കാണ് കുഞ്ഞച്ചന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഡാനിയല്‍ അടക്കമുള്ളവര്‍ ചിട്ടിഫണ്ടും നോക്കി നടത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന കാലം കൂടിയായിരുന്നു അത്. വിദേശ മലയാളികള്‍ അയയ്‌ക്കുന്ന പണം നരിയാപുരം ചിട്ടിഫണ്ടില്‍ ചിട്ടി ചേരുകയാണ് കുടുംബാംഗങ്ങള്‍ ചെയ്‌തിരുന്നത്. കേരളം വികസനത്തിലേക്ക് നീങ്ങുന്ന കാലം കൂടിയായിരുന്നു അത്.
കുഞ്ഞച്ചന്‍ കൂപ്പ് ബിസിനസിലേക്ക് തിരിയുകയും ചിട്ടി കൊണ്ടുള്ള ലാഭം ഉപയോഗിച്ച് നരിയാപുരത്ത് ഒരു ആശുപത്രി ആരംഭിക്കുകയും ചെയ്‌തു. ചിട്ടി നടത്തിപ്പിന്റെ ബാലപാഠം അഭ്യസിച്ച, അതിന്റെ പ്രവര്‍ത്തന രീതികള്‍ മുഴുവന്‍ മനസിലാക്കിയ ഡാനിയലും സഹോദരന്മാരും ചേര്‍ന്ന് 1965 ല്‍ വകയാറില്‍ തെങ്ങുംവിള മാതൃകയില്‍ പോപ്പുലര്‍ ചിട്ടിഫണ്ട് തുടങ്ങി. അവിടെ പോപ്പുലര്‍ വളരുമ്പോള്‍ ഇവിടെ തെങ്ങുംവിളയില്‍ അധഃപതനത്തിന്റെ പാതയിലേക്ക് നീങ്ങി. 1970 കാലഘട്ടത്തില്‍ നരിയാപുരം ചിട്ടിഫണ്ടിന്റെ അധോഗതി തുടങ്ങി. 72 ആയപ്പോഴേക്കും ഈ ചിട്ടിക്കമ്പനി ലിക്വിഡേറ്റ് ചെയ്യുകയും ചെയ്‌തു. നിലവില്‍ പൂട്ടിയിട്ട ആശുപത്രി മാത്രം നരിയാപുരത്തുണ്ട്.