പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പോപ്പുലർ ഗ്രൂപ്പ് ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റീനു, റീബ തുടങ്ങിയവർക്കെതിരെ ജീവനക്കാർ പോലീസിന് മൊഴി നൽകി. നിക്ഷേപകരുടെ പണം ഉടമകൾ വകമാറ്റിയിരുന്നുവെന്നാണ് ജീവനക്കാർ പോലീസിന് മൊഴി നൽകിയത്.
പോപ്പുലർ ഫിനാൻസ് കോന്നി വകയാറിലെ ആസ്ഥാനത്തെ ജീവനക്കാരെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്.
അക്കൗണ്ട്‌സ് മാനേജര്‍, ട്രഷറി മാനേജര്‍, ഐറ്റി മാനേജര്‍, അക്കൗണ്ടന്റ്, ഓഡിറ്റര്‍ ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് ജില്ലാപോലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തത്. ഫിനാന്‍സ് സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും പുറത്തേക്കു പോയ തുകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ജില്ലാ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ കണക്കുകള്‍ വിശകലനം ചെയ്തുവരുന്നതായും ചോദ്യംചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
നിക്ഷേപകരുടെ പണം വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതു സംബന്ധിച്ചും മറ്റുമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ടോണിക് രേഖകള്‍ വിശകലനം ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളിൽ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓഫീസിലെ ഹാർഡ് ഡിസ്ക്, സെർവർ എന്നിവയിൽ നിന്നാണ് കേസിനെ സഹായിക്കുന്ന നിർണ്ണായക വിവരങ്ങൾ പോലീസ് കണ്ടെത്തിയത്.
അതിനിടെ, പ്രതികളുടെ പേരില്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന വസ്തുവകകളെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിന് കോന്നി എസ്‌ഐ കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു.
പ്രതികളുമായി രണ്ടു ടീമുകളായി തിരിഞ്ഞുള്ള പോലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കോന്നി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ പൂര്‍ത്തിയായി. ഇനി ശനിയാഴ്ച കർണാടകയിലേക്ക് സംഘം പ്രതികളുമായി തെളിവെടുപ്പിനായി പോകും.
അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓസ്‌ട്രേലിയിലേക്ക് മാറ്റിയ കമ്പനി അക്കൗണ്ടുകളെപ്പറ്റി അന്വേഷണം നടന്നു വരികയാണ്.
നിക്ഷേപകരുടെ തുകകള്‍ ഇതര കമ്പനികളുടെ പേരില്‍ വകമാറ്റിയതിനെ സംബന്ധിച്ചും വിവരം ലഭിച്ചതായി ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ഒരുമിച്ച് ഐജി ചോദ്യം ചെയ്യുമെന്നും അതിനുശേഷം മാത്രമേ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കുകയുള്ളൂവെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.