കൊച്ചി : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കോമ്പിറ്റെന്റ് അതോറിറ്റിയുടെ തലവന്‍ സഞ്ജയ് കൌളിനെതിരെ നിക്ഷേപകര്‍ ഹൈക്കോടതിയില്‍. പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) നല്‍കിയ ഹര്‍ജിയില്‍ കോമ്പിറ്റെന്റ് അതോറിറ്റിയുടെ തലവന്‍ സഞ്ജയ് കൌളിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ബഡ്സ് ആക്ട് പ്രകാരം നാളിതുവരെ ചെയ്ത നടപടികള്‍ സഞ്ജയ് കൌള്‍ നേരിട്ട് രേഖാമൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. കഴിഞ്ഞ 18 നായിരുന്നു കോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. പി.ജി.ഐ.എക്കു വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.
പോപ്പുലര്‍ പ്രതികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് ലേലത്തിലൂടെ ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കേണ്ട ചുമതല കോമ്പിറ്റെന്റ് അതോറിറ്റിക്കാണ്. നിക്ഷേപക സംഘടനയായ പി.ജി.ഐ.എ കേരളാ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോമ്പിറ്റെന്റ് അതോറിറ്റി കേരളത്തില്‍ നിലവില്‍ വന്നതും സഞ്ജയ് കൌളിനെ തലപ്പത്ത് നിയമിച്ചതും. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കോമ്പിറ്റെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്ക് ആശാവഹമല്ല. കോമ്പിറ്റെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി അഡീഷണല്‍ കോമ്പിറ്റെന്റ് അതോറിറ്റിയെയും ഇദ്ദേഹത്തെ സഹായിക്കുവാന്‍ സഹ കോമ്പിറ്റെന്റ് അതോറിറ്റിയെയും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നിയമിച്ചിരുന്നു. പി.ജി.ഐ.എയുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. താന്‍ ഒന്നും ചെയ്യില്ലെന്നും കോടതി ഉത്തരവ് ഉണ്ടെങ്കില്‍ ചെയ്യാമെന്നുമാണ് സഞ്ജയ് കൌളിന്റെ നിലപാട്.
സഞ്ജയ് കൌളിന് മറ്റു ചില വകുപ്പുകളുടെ അധികചുമതലകൂടി നല്‍കിയതോടെ കോമ്പിറ്റെന്റ് അതോറിറ്റിയുടെ തലപ്പത്ത് ഇരുന്ന് ജോലി ചെയ്യുവാന്‍ ഇദ്ദേഹത്തിന് സമയമില്ല. പ്രതികളുടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തെങ്കിലും ഇതെല്ലാം മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്ത് പണം പ്രത്യേകം അക്കൌണ്ടില്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ നാളിതുവരെ ഇതിനുവേണ്ട നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. പ്രതികളുടെ എന്തൊക്കെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഇവക്ക് എന്ത് മൂല്യം വരുമെന്നും ഇനിയും എന്തൊക്കെ ജപ്തി ചെയ്യുവാന്‍ ഉണ്ടെന്നും ഇപ്പോള്‍ ആര്‍ക്കും അറിയില്ല. ഇതൊക്കെ ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതില്‍ നിഗൂഡതയുണ്ടെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.
മുപ്പതിനായിരത്തോളം നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. കോടതികളുടെ ശക്തമായ ഇടപെടല്‍ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നത്. പ്രതികള്‍ക്ക് രക്ഷപെടാനുള്ള എല്ലാ അവസരങ്ങളും ഒരുക്കിക്കൊടുക്കുവാനായിരുന്നു തുടക്കത്തില്‍ പോലീസും ശ്രമിച്ചത്. സര്‍ക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെ ഒരു വിഭാഗം നിക്ഷേപകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ച്ചയായ കോടതി ഉത്തരവുകളും നടപടികളും പ്രതികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിട്ടുണ്ട്.