കോന്നി : തദ്ദേശീയ ജനതയുടെ ദീർഘനാളത്തെ സ്വപ്നമായിരുന്ന വനാവകാശ കൈവശ രേഖ വിതരണവും അന്തർ ദേശീയ ദിനം വാരാചരണവും ഇന്ന് വൈകീട്ട് 5 മണിക്ക് ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുo. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 190 കുടുംബങ്ങൾക്ക് വനാവകാശ കൈവശ രേഖ കൈമാറും. വനാവകാശ കൈവശരേഖ ലഭിക്കുന്നതോടെ താമസിക്കുന്നതിനും കൃഷി ചെയ്യുന്നതിനുമുള്ള അവകാശം ലഭ്യമാകുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
പട്ടയങ്ങൾക്കൊപ്പം പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സ്വർണമെഡലുകൾ, ലാപ് ടോപ് എന്നിവയും മന്ത്രി വിതരണം ചെയ്യും. പത്തനംതിട്ട ജില്ലയില്‍ 48 പട്ടികവർഗ്ഗ സങ്കേതങ്ങളിലായി ആകെ 2274 പട്ടികവർഗ്ഗ കുടുംബങ്ങള്‍ ഉണ്ട്. ജില്ലയിലെ പട്ടികവർഗ്ഗ ജനസംഖ്യ 6627 ആണ്. ഇവരില്‍ ഭൂരിഭാഗവും ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള റാന്നി, കോന്നി താലമൂക്കുകളിലായി അധിവസിക്കുന്നു. കൂടാതെ അടൂര്‍, കോഴഞ്ചേരി,തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും പട്ടികവർഗ്ഗ വിഭാഗക്കാര്‍ ഒറ്റപ്പെട്ടു താമസിക്കുന്നു.
പ്രധാനമായും മലഅരയന്‍, മലവേടന്‍,മലമ്പണ്ടാരം, ഉള്ളാടന്‍ എന്നീ തദ്ദേശിയരായ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കു പുറമേ ഊരാളി,മന്നാന്‍, മുതുവാന്‍, പണിയന്‍ എന്നീ വിഭാഗങ്ങളിൽപ്പെട്ട ചുരുക്കം കുടുംബങ്ങളും ജില്ലയില്‍
താമസിച്ചുവരുന്നു. ചടങ്ങിൽ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യ അഥിതിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജന പ്രധിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് സ്വാഗതം ആശംസിക്കുകയും ജില്ലാ പട്ടിക വർഗ വികസന ഓഫീസർ സുധീർ എസ് എസ് നന്ദി പറയുകയും ചെയ്യും.