തിരുവനന്തപുരം : തിരുവനന്തപുരത്ത പുതുതായി ആരംഭിച്ച ലുലുമാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ച ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ. കുത്തക മുതലാളിക്ക് വേണ്ടി എന്ന് മുതലാണ് സഖാവ് പോസ്റ്റിടാൻ തുടങ്ങിയത് എന്ന് തുടങ്ങി ഇടത് രാഷ്ട്രീയവും നിലപാടുകളും ചോദ്യം ചെയ്തുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. തിരുവനന്തപുരം ലുലുമാളിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത്. 2000 കോടി രൂപ ചെലവിൽ നിർമ്മിച്ച 20 ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള മാളിൽ 5000 പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് തുടങ്ങി മാൾ വലിയ വിജയമാകട്ടെ എന്നുള്ള ആശംസയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന് താഴെ ചർച്ച കൊഴുക്കുകയാണ്.
എന്നു മുതലാണ് കുത്തക മുതലാളിമാർക്ക് വേണ്ടി സഖാവ് പോസ്റ്റുകൾ ഇട്ടു തുടങ്ങിയതെന്നാണ് പോസ്റ്റിന് വന്ന ഒരു കമന്‍റ്. ഇതാണോ കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിക്കുന്ന തൊഴിലാളി സംസ്കാരമെന്നും കമന്‍റിൽ ചോദിക്കുന്നു. യൂസഫലി പണം മുടക്കി മാൾ പണിതു. കൊടികുത്തി അത് മുടക്കിയില്ലെന്ന സഹായം മാത്രമേ സർക്കാർ ചെയ്തുള്ളുവെന്നാണ് മറ്റൊരു കമന്റ്. ഈ സംരംഭകരെയല്ലേ കോർപ്പറേറ്റുകളെന്ന് വിളിക്കുന്നതെന്ന് മറ്റൊരാൾ. കൊടി പിടിച്ചില്ലെങ്കിൽ വ്യവസായങ്ങൾ കേരളത്തിൽ വരുമെന്ന് മറ്റൊരാൾ. മുഖ്യമന്ത്രിയുടെ പോസ്റ്റുകൾക്ക് താഴെ അതുമായി ബന്ധമില്ലാതെ തെറി പറഞ്ഞ് ആത്മനിർവൃതി അടയുന്നവർ സത്യത്തിൽ ഏത് വിഭാഗത്തിൽ പെടുമെന്ന് മറ്റൊരു കമന്‍റ്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നോ ചടങ്ങെന്നും ചോദിക്കുന്നുണ്ട് കുറേയേറെപ്പേർ. എന്തായാലും പോസ്റ്റിന് താഴെ ഇടത് രാഷ്ട്രീയവും നിലപാടുമൊക്കെ സൂചിപ്പിച്ച് ചർച്ച കൊഴുക്കുകയാണ്.