തിരുവനന്തപുരം: തപാല്‍ വോട്ടുകളിലെ തട്ടിപ്പ് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ അച്ചടിച്ച ബാലറ്റുകളുടെ കണക്ക് തേടി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ്, കൊല്ലത്തെ സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ, പുനലൂരിലെ അബ്ദുറഹിമാന് രണ്ടത്താണി, വര്‍ക്കലയിലെ ബി.ആര്.എം. ഷഫീര്‍, കുറ്റ്യാടിയിലെ പാറക്കല്‍ അബ്ദുല്ല എന്നിവരാണ് പരാതിക്കാര്‍. തങ്ങളുടെ മണ്ഡലത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടെയും അച്ചടിച്ചവയുടെയും വിതരണം ചെയ്തവയുടെയും കൃത്യമായ വിവരം കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കമ്മീഷനെ സമീപിച്ചത്.
ബാലറ്റ് പേപ്പറുകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം, അച്ചടിച്ച ബാലറ്റുകളുടെ എണ്ണം, വിതരണം ചെയ്തവയുടെ എണ്ണം, അച്ചടിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ടേണിങ് ഓഫീസര്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറണമെന്നും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ചില സ്ഥാനാര്‍ഥികള്‍ ജില്ലാകലക്ടര്‍മാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
തപാല്‍ വോട്ടിലെ തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദം കടുപ്പിക്കാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിശദാംശങ്ങള്‍ തേടിയത്. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കമ്മീഷനെ സമീപിക്കുമെന്നാണ് സൂചന. ഏഴരലക്ഷം അപേക്ഷകര്‍ക്കായി പത്ത് ലക്ഷത്തിലേറെ ബാലറ്റുകള്‍ അച്ചടിച്ചെന്നാണ് വിവരം.
മൂന്നരലക്ഷം പേരുടെ വോട്ടുകളാണ് വീടുകളിലെത്തി ബാലറ്റില്‍ രേഖപ്പെടുത്തി വാങ്ങിയത്. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള മറ്റ് വിഭാഗങ്ങളിലെ ആളുകളുടെ എണ്ണം ആകെ നാല് ലക്ഷത്തോളമാണ്. അങ്ങനെയെങ്കില്‍ രണ്ടരലക്ഷം തപാല്‍ ബാലറ്റുകള്‍ അധികമായി അച്ചടിച്ചതെന്തിനെന്ന് കമ്മീഷന് വിശദീകരിക്കേണ്ടിവരും.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച് പ്രത്യേക കേന്ദ്രത്തില്‍ തെരഞ്ഞെടുപ്പിനു മുമ്ബ് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചവര്‍ക്ക് വീണ്ടും തപാലില്‍ ബാലറ്റ് ലഭിച്ചതോടെയാണ് ക്രമക്കേട് പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയില്‍ ഇത് അന്വേഷിക്കാന്‍ അഡീഷനല്‍ സി.ഇ.ഒ സഞ്ജയ് കൗളിനെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരമുള്ള പരിശോധന നടന്നുവരികയാണ്.