തൃശ്ശൂര്‍ : കോവിഡ് പശ്ചാത്തലത്തില്‍ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാല്‍ വോട്ട് ശേഖരിക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍, പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ആബ്‌സെന്റി വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കായി അപേക്ഷാ ഫോറം വീടുകളില്‍ വിതരണം ചെയ്തിരുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖപ്പെടുത്തി വരണാധികാരികള്‍ക്ക് ലഭ്യമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ അഞ്ച് ദിവസങ്ങള്‍ വരെയാണ് ഇവര്‍ക്ക് അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കാവുന്ന അവസരം. ഇവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍ പോളിംഗ് ടീം വീടുകളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തി ഫോറം ശേഖരിച്ച് അതാത് വരണാധികാരികളെ ഏല്‍പ്പിക്കും.
ഇപ്രകാരമുള്ള നടപടിക്രമം ആബ്‌സെന്റി വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതു.’ഇപ്രാവശ്യത്തെ പോസ്റ്റല്‍ വോട്ടിങ്ഏറെ ലളിതമായിരുന്നു. പോലീസുകാരടക്കമുള്ള സ്പെഷ്യല്‍ പോളിംഗ് ടീം തികഞ്ഞ മര്യാദ പുലര്‍ത്തിക്കൊണ്ടാണ് അവരുടെ കടമകള്‍ നിറവേറ്റിയത്’, റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ സി വി കുമാരന്‍ തന്റെ പോസ്റ്റല്‍ വോട്ടിങ്ങിനു ശേഷം ഇങ്ങനെ അഭിപ്രായപ്പെട്ടു. ഒരു നിര്‍ബന്ധിത നടപടി ക്രമമല്ലാത്തതിനാല്‍ ആബ് സെന്റി വോട്ടര്‍മാര്‍ക്ക് ഇച്ഛാനുസരണം ഈ സൗകര്യം ഉപയോഗിക്കാം എന്നതുകൊണ്ട്പോസ്റ്റല്‍ വോട്ടുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ട്.
എന്നാല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ പോസ്റ്റല്‍ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കണം. ഇവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ ഹാജരായി വോട്ടു രേഖപ്പെടുത്തുവാന്‍ സൗകര്യമുണ്ടായിരിക്കില്ല.