കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ ബിഷപ്പിനെതിരെ പോസ്റ്ററുകള്‍. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനെതിരെയാണ് ഇന്ന് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഭൂമി വിവാദത്തില്‍ ബിഷപ്പ് അതിരൂപതയെ വഞ്ചിച്ചെന്നും ബിഷപ്പ് തിരികെ പോകണമെന്നുമാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. അതിരൂപതയുടെ പള്ളികള്‍ക്ക് സമീപമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അല്‍മായ മുന്നേറ്റം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍. ഇതോടെ ഒരിടവേളയ്ക്കു ശേഷം സഭ ഭൂമി വിവാദം വീണ്ടും സജീവമാവുകയാണ്.
ജൂലൈ 3 സിറോ മലബാര്‍ സഭാ ദിനമാണ്. മാര്‍ത്തോമാ ശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ദിനമായ ഇന്നു കോവിഡിന്റെ പശ്ചാത്തലത്തില്‍ സിറോ മലബാര്‍ സഭയില്‍ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. എന്നാല്‍ സഭാ ദിനം എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധ ദിനം ആയി ആചരിക്കുകയാണ്. വിവാദ ഭൂമി ഇടപാടിലെ നഷ്ടം അതിരൂപതയുടെ ഭൂമി വിറ്റ് നികത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചണിത്. ഇതിന്റെ ഭാഗമായാണ് അതിരൂപതയിലെ പള്ളികള്‍ക്ക് സമീപം ബിഷപ് ആന്റണി കരിയിലിനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചത്.
എറണാകുളം അതിരൂപതയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്ന ഭൂമികുംഭകോണത്തില്‍ സഭയിലെ കാനോനിക നിയമങ്ങളുടെ നഗ്നമായ ലംഘനം, സാമ്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുണ്ട് എന്ന് വത്തിക്കാന്‍ നേരിട്ട് ചുമതലപ്പെടുത്തിയ ഇന്റര്‍നാഷണല്‍ ഓഡിറ്റിംഗ് ഏജന്‍സി കെപിഎംജി (KPMG) റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടും, ഇതിന് മുമ്പ് അന്വേഷണം നടത്തിയ ബെന്നി മാരാംപറമ്പില്‍ കമ്മീഷനും കണ്ടെത്തിയിട്ടും ഉത്തരവാദിത്തം ഏല്‍ക്കാന്‍ നേതൃത്വം നല്‍കിയ കര്‍ദിനാള്‍ ആലഞ്ചേരി തയ്യാറായിട്ടില്ല.
എറണാകുളം അതിരൂപതയുടെ സാമ്പത്തിക, ധാര്‍മ്മിക നഷ്ടം നികത്താന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും കര്‍ദിനാള്‍ ആലഞ്ചേരിയോ സ്ഥിരം സിനഡോ ഇത് വരെയും മുന്നോട്ട് വന്നിട്ടില്ല. എന്നാല്‍ KPMG റിപ്പോര്‍ട്ട് പുറത്ത് വന്നു കഴിഞ്ഞു പൊതുസമൂഹം ഈ വിഷയം പൂര്‍ണ്ണമായും മനസിലാക്കി കഴിഞ്ഞപ്പോള്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ എന്നും കണ്ണടച്ച് പിന്തങ്ങുന്ന സീറോ മലബാര്‍ സ്ഥിരം സിനഡും പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്റ്റ് കര്‍ദിനാള്‍ സാന്ദ്രിയും പുതിയ ഓര്‍ഡര്‍ ഇറക്കി വിശ്വാസികളെ മുഴുവന്‍ വിഡ്ഢികള്‍ ആക്കാന്‍ നോക്കുന്നു. അതിരൂപതക്ക് സംഭവിച്ച നഷ്ടം നികത്താനുള്ള ബാധ്യത, വില്പനക്ക് നേതൃത്വം നല്‍കിയ കര്‍ദിനാള്‍ ആലഞ്ചേരിയോട് നിര്‍ദേശിക്കാതെ എറണാകുളം അതിരുപതയുടെ സ്വന്തം ഭൂമി തന്നെ വില്പന നടത്തി ആ തുക നഷ്ടപരിഹാരമായി ഉള്‍കൊള്ളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അല്‍മായ മുന്നേറ്റം ആരോപിക്കുന്നു.
എറണാകുളം അതിരൂപത ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയതിന്റെ നഷ്ടം എറണാകുളത്ത് 12ഏക്കര്‍ ഭൂമി വില്പന നടത്തിയാണ് തീര്‍ത്തത്. ഇനിയും ഭൂമി വില്പന നടത്താനുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നീക്കം പ്രതിരോധിക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രധിഷേധവുമായി എല്ലാ അതിരൂപത, ഫൊറോന, ഇടവക കേന്ദ്രങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേരുമെന്നും അല്മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍ , വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു.