ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍. തൂത്തുക്കുടിയിലാണ് പോസ്റ്റര്‍ പതിച്ചത്. വിജയ് പ്രധാനമന്ത്രിയാകണമെന്ന പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം. ടിവികെ പ്രവര്‍ത്തകനായ സുധാകര്‍ എന്നയാളാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയില്‍ ചേര്‍ന്നയാളാണ് സുധാകര്‍. വിജയിയുടെ ദേശീയ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് ടിവികെ നേതാക്കള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 2029ല്‍ പ്രധാനമന്ത്രി പദത്തിന് അര്‍ഹന്‍ ആരാണെന്ന തരത്തില്‍ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലത്തില്‍ വിജയ് മൂന്നാമതെത്തിയിരുന്നു.
തമിഴ്‌നാട് കായികമന്ത്രി ആധവ് അര്‍ജുന വിജയിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏതാനും സംസ്ഥാനങ്ങള്‍ മാത്രം ചേര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും ഭാവിയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്ന്, ഒരു പ്രധാനമന്ത്രി ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ടിവികെ നേതാവായ കെ.എ സെങ്കോട്ടയ്യന്‍, വടക്കേ ഇന്ത്യയിലെ ജനങ്ങളും വിജയിയെ ഭാവി നേതാവായി സ്വീകരിക്കുമെന്ന് അവകാശപ്പെട്ടു. എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാടിനെ മാത്രമല്ല, ഭാവിയില്‍ ഇന്ത്യയെ തന്നെയും നയിക്കാന്‍ കഴിയുന്ന നേതാവാണ് വിജയിയെന്നും അദ്ദേഹം പറഞ്ഞു.






























