റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആരെയെങ്കിലും പ്രതിയാക്കാതെ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ഭക്തജന സമിതി ആവശ്യപ്പെട്ടു. വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള കാഴ്ച പരിമിതിയുള്ള സബ് ഗ്രൂപ്പ് ഓഫീസർ രാധാകൃഷ്ണനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. മരം മുറിക്കുന്നതിന് ദേവസ്വം ഓഫീസിൽ നിന്ന് അനുമതിക്കായി ഔദ്യോഗികമായി കത്ത് നൽകിയിരുന്നു.
എന്നാൽ മരം മുറിച്ചതിലും കടത്തിയതിലും സാമ്പത്തിക ലാഭം ഉണ്ടാക്കിയതിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചില താൽക്കാലിക ജീവനക്കാർക്ക് നേരിട്ട് പങ്കുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ കീഴിലുള്ള ജീവനക്കാരെ വിശ്വസിച്ചതിൽ സബ് ഗ്രൂപ്പ് ഓഫീസർക്ക് ഔദ്യോഗികമായി വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് അന്വേഷണവിധേയമാക്കണം. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തെ മാത്രം മോഷണക്കുറ്റം ആരോപിച്ച് ബലിയാടാക്കുന്നത് നീതികേടാണ്. മരം മുറിക്കാൻ നിർദ്ദേശം നൽകിയവർ, മരം കടത്തിയവർ, തടി വാങ്ങിയ മില്ലുകൾ എന്നിവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
ആരോപണവിധേയരായ താത്ക്കാലിക ജീവനക്കാരും പൂജാരിമാരും മുൻപ് ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിലെ സമാന ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണം. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ഇൻസ്പെക്ഷൻ ബുക്ക്, ജീവനക്കാരുടെ മൊഴികൾ എന്നിവ പോലീസ് കൃത്യമായി പരിശോധിക്കണം. ദേവസ്വം സ്വത്തും ക്ഷേത്രസ്വത്തും ഭക്തരുടെ സ്വത്താണ്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം നിരപരാധിയായ ഉദ്യോഗസ്ഥന്റെ മാന്യത സംരക്ഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരുന്നത് വരെ അന്വേഷണം ഊർജ്ജിതമായി തുടരണമെന്നുമാണ് ഭക്തജനങ്ങളുടെ ആവശ്യം.































