എറണാകുളത്ത് 28 ദിവസം മുമ്പ് പ്രസവം കഴിഞ്ഞ ഒരമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത നാം വളരെ വേദനയോടെ കേട്ടതാണ്. ഭാര്യയുടെ ആത്മഹത്യയില്‍ മനംനൊന്ത് ഭർത്താവും സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇന്ന് തൂങ്ങിമരിച്ചു. ഒന്നര വയസുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. പ്രസവാനന്തര വിഷാദമാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’. ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന മാനസികാവസ്ഥയാണിത്. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് തുടങ്ങി പല തരത്തില്‍ ഇത് കാണപ്പെടുന്നു.
പ്രസവത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍റെയും പ്രൊജസ്‌ട്രോണിന്‍റെയും കുറവുണ്ടാകുന്നതും മറ്റ് സാമൂഹിക ഘടകങ്ങളുമൊക്കെ ഇത്തരത്തിലുള്ള വിഷാദരോഗത്തിലേയ്ക്ക് നയിക്കാം. അധികമാരും ചര്‍ച്ചചെയ്യാത്ത അതിഗൗരവകരമായ മാനസികാവസ്ഥയാണിത്. പക്ഷെ അവിടെങ്ങും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ്, പ്രസവാനന്തര വിഷാദം അഥവാ Post partum depression / psychosis എന്ന രോഗാവസ്ഥ. മുമ്പ് പല സന്ദർഭങ്ങളിലും പല ഡോക്ടർമാരും അനുഭവസ്ഥരും അതിനെ പറ്റി എഴുതിയിട്ടുള്ളതാണ്. എന്നാൽ കുറച്ച് ഗൈനക്കോളജി/ സൈക്യാട്രി ഡോക്ടർമാരോ സൈക്കോളജിസ്റ്റുകളോ മാത്രമല്ലാ, സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണത്. കാരണം, ഗർഭധാരണവും കുഞ്ഞു ജനിക്കുന്നതുമൊക്കെ എല്ലാവരുടെയും ജീവിതത്തിലൂടെ അല്ലെങ്കിൽ ജീവിതപരിസരത്തിലൂടെ തീർച്ചയായും കടന്നുപോകുന്ന ഒരു സാധാരണ സംഭവമാണ്.
പ്രസവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 10-ൽ 8 അമ്മമാരും ഒരുതരം ചെറിയ വിഷാദ ലക്ഷണങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ ‘പോസ്റ്റ് പാർട്ടം ബ്ലൂസ്’ എന്നാണ് പറയുന്നത്. ഈ സമയത്തുണ്ടാവുന്ന ഉറക്കമില്ലായ്മ, പെട്ടന്നുള്ള മൂഡ് വ്യത്യാസങ്ങൾ, അകാരണമായ നിരാശയും ഇറിറ്റെബിലിറ്റിയും മറ്റും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് ചെയ്യാറ്. മാത്രമല്ല, മിക്കപ്പോഴും ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടാഴ്ച കൊണ്ട് മാറുന്നതിനാൽ അങ്ങനൊന്നുണ്ടായതായി രോഗിയോ കൂടെയുള്ളവരോ അറിയാറുമില്ല.