ഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ എയിംസ് അടക്കം പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ലോക്‌സഭയില്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്നതിന് ശേഷമുള്ള ആദ്യ ബജറ്റാണെന്നത്കൂടി ഈ പ്രതീക്ഷകള്‍ക്ക് ആക്കംകൂട്ടുന്നു. കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുവന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഇത്തവണ ആദ്യമായി ഒരു എംപിയെ സമ്മാനിച്ച കേരളത്തിന് പകരം കിട്ടുന്ന സമ്മാനമെന്താകുമെന്നതാണ് ആകാംക്ഷ. കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.
എയിംസ്, ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. എയിംസ് അനുവദിച്ചാല്‍ തന്നെ അത് ജില്ലയിലാകുമെന്നതും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. കോഴിക്കോട് സ്ഥാപിക്കമെന്നാണ് സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികളുടെ ആവശ്യം. ഇതിനായി കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തിട്ട് പത്ത് വര്‍ഷമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടാനാണ് തീരുമാനമായത്.