കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയത്തെ (പീക്ക് അവർ) ആവശ്യം കഴിഞ്ഞദിവസം 2.67 ലക്ഷം മെഗാവാട്ടായി. സർവകാല റെക്കോഡാണിത്. കഴിഞ്ഞവർഷം ഇതേസമയത്ത് 2.32 ലക്ഷമായിരുന്നു. ഈ വർഷം ഏപ്രിലിൽ 2.56 ലക്ഷം മെഗാവാട്ടായിരുന്നു. ആവശ്യം ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ കേരളം നേരിടുന്ന വൈദ്യുതിപ്രതിസന്ധി അതിരൂക്ഷമാകും. രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്ന ‘ഗ്രിഡ് ഇന്ത്യ’യുടെ രേഖപ്രകാരം തമിഴ്‌നാടാണ് ഏറ്റവും കൂടുതൽ വൈദ്യുതിപ്രതിസന്ധി നേരിടുന്നത്. ഇവിടെ 912 മെഗാവാട്ടിന്റെ കുറവുണ്ട്.
രണ്ടാംസ്ഥാനത്ത് 639 മെഗാവാട്ട് കുറവുള്ള കേരളവും മൂന്നാം സ്ഥാനത്ത് 313 മെഗാവാട്ട് കമ്മിയായ രാജസ്ഥാനുമാണ്. രാജ്യത്തെ അഞ്ചുമേഖലകളാക്കി തിരിച്ചാണ് ‘ഗ്രിഡ് ഇന്ത്യ’യുടെ ഗ്രിഡ് നിയന്ത്രണം. ഇതിൽ കിഴക്കൻമേഖലയൊഴികെ മറ്റു നാലുമേഖലകളും വൈദ്യുതിപ്രതിസന്ധി നേരിടുന്നുണ്ട്. കേരളത്തിന്റെ പീക്ക് അവർ രാത്രിയിലാണെങ്കിൽ വ്യവസായസ്ഥാപനങ്ങൾ ധാരാളമുള്ള ഉത്തരേന്ത്യയിൽ പകലാണ്. വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലെത്തിയതായി കാണിച്ചിരിക്കുന്നത് വൈകീട്ട് 3.48-നാണ്. ഉത്തരേന്ത്യയിൽ നവരാത്രി, ദീപാവലി സമയങ്ങളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുണ്ടാവാറുള്ളത്. അതായത് ഒക്ടോബർ പകുതിയോടെ ഉപഭോഗം വർധിക്കും.
ഇതോടെ കേരളത്തിന് മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആവശ്യത്തിനു ലഭിക്കാത്ത സ്ഥിതിയുണ്ടാകും. വെള്ളിയാഴ്ച കേരളത്തിന്റെ പ്രതിദിന ഉപഭോഗം 9.63 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് 8.94 കോടി യൂണിറ്റും. കേരളത്തിന്റെ പീക്ക് ഡിമാൻഡ് (രാത്രി ആവശ്യകത) വ്യാഴാഴ്ച 5045 മെഗാവാട്ടായി. കഴിഞ്ഞവർഷം 4443 മെഗാവാട്ട്. സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിടുമ്പോഴും വൈദ്യുതി വാങ്ങൽ തീരുമാനിക്കേണ്ട തസ്തികയിൽ ആളില്ല. കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലാണ് പുറമേനിന്ന് വൈദ്യുതി വാങ്ങലിൽ തീരുമാനമെടുക്കേണ്ട വൈദ്യുതിബോർഡ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ്. രണ്ടുമാസമായി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
































