ചെറുതോണി : സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് പുതിയ വൈദ്യുതി കരാറിന്റെ പേരിൽ കമ്മിഷൻ അടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മണി പറഞ്ഞു. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ ഇപ്പോഴും അവസരമുണ്ടായിട്ടും അതിനുള്ള നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവെച്ച് ഒഴിയണം. നിലവിലെ ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ഭരണം ഗവർണറെ ഏൽപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തണം. വൈദ്യുതി മേഖലയുടെ ദീർഘകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.






























