കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും പരിസരപ്രദേശങ്ങളും സുരക്ഷാവലയത്തിൽ. ഞായറാഴ്ച വൈകീട്ട് 6.30-ന് കരിപ്പൂരിലെത്തുന്ന അദ്ദേഹം 7.30 മുതൽ രാത്രി 9.30 വരെ മർകസിൽ ഉണ്ടാകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യയുടെ പ്രധാനമന്ത്രിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കും. തുടർന്ന്, മലേഷ്യൻ പ്രധാനമന്ത്രി മടവൂർ സി.എം. മഖാമിൽ എത്തും. അവിടെ 20 മിനിറ്റ് ചെലവഴിക്കും. രാത്രി 10-ന് താമസസ്ഥലത്തേക്ക് പോകും.
ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്കുള്ള സുരക്ഷയുടെ സമാനരീതിയിലാകും അൻവർ ഇബ്രാഹിമിനുമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുക. ഇന്റലിജൻസ് എ.ഡി.ജി.പി. ദിനേന്ദ്ര കശ്യപ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. കോഴിക്കോട് നഗരത്തിലെയും മലപ്പുറത്തെയും ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രിമുതൽ തിങ്കളാഴ്ച രാത്രിവരെ പോലീസിന്റെ പ്രത്യേക സുരക്ഷാപരിശോധനയുണ്ടാകും. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനപരിശോധനയും നടക്കും.































