റാന്നി : ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വൈക്കം മന്ദിരം തിരുഭാവരണ പാതയുടെ മധ്യത്തിലെ വൈദ്യുതി തൂൺ അപകടക്കെണിയാകുന്നു. തിരുഭാവരണ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ ഉൾപ്പെടെ ഒഴിപ്പിച്ചു റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ചെങ്കിലും വൈദ്യുതി തൂണ്‍ പാതയുടെ മധ്യത്തില്‍ നിന്നും മാറ്റിയില്ല. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണം. രാത്രി കാലങ്ങളിൽ നന്നേ വെളിച്ചക്കുറവുള്ള മേഖലയിൽ അപകടം വിളിച്ചുവരുത്തുന്ന തരത്തിലുള്ള നിർമ്മാണമാണ് നടത്തിയിരിക്കുന്നത്.
റോഡ് പരിചയമില്ലാത്ത യാത്രക്കാർക്ക് ഇവിടെ ഇങ്ങനെയൊരു അപകടക്കെണി ഉണ്ടെന്നു മുന്നറിയിപ്പ് നൽകാനായി സൂചികകളോ മറ്റു സജീകരണങ്ങളോ ഒരുക്കിയിട്ടുമില്ല. ഉന്നത നിലവാരത്തിൽ റോഡുകൾ നിർമ്മിക്കുമ്പോൾ പലയിടങ്ങളിലും കെ.എസ്.ഇബി യുടെ വൈദ്യുതി തൂണുകൾ റോഡിനു വശത്തേക്ക് മാറ്റാൻ കാലതാമസം നേരിടുന്നതുമൂലം ഇത്തരത്തിൽ ടാറിംഗ് പൂർത്തിയാക്കി പോകുന്നത് പതിവാണ്. പൊതു കാര്യങ്ങൾക്ക് പോലും വകുപ്പുകൾ തമ്മിൽ ഏകോപനക്കുറവുണ്ടെന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് ഇത്തരം പ്രവർത്തികൾ.