തിരുവനന്തപുരം : വേനൽക്കാലത്ത് കേരളത്തെ കാത്തിരിക്കുന്നത് വൈദ്യുതിക്ഷാമം. വൈദ്യുതിബോർഡ് ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനാൽ വിലകൂടിയ വൈദ്യുതിവാങ്ങി ക്ഷാമം പരിഹരിക്കാനാവാത്ത സ്ഥിതിയിലാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. ജലഅതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക ലഭിക്കാതെ ഇനി ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവില്ലെന്ന് വൈദ്യുതി ബോർഡ് സർക്കാരിനെ അറിയിച്ചു.
വൈദ്യുതി ഉപഭോഗം വൻതോതിൽ കൂടുന്നതും വിലകുറഞ്ഞ വൈദ്യുതി കിട്ടാനില്ലാത്തതും കുടിശ്ശിക പെരുകുന്നതുമാണ് ബോർഡിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്നത്. കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി കിട്ടുന്നില്ല. ഇതിനുപകരം ഫെബ്രുവരിവരെ 230 കോടി യൂണിറ്റ് ശരാശരി 5.35 രൂപയ്ക്ക് വാങ്ങിയതിന് 1000 കോടിയിലധികം ചെലവായി. ഇതിൽ 250 കോടി രൂപ അധിക ബാധ്യതയാണ്.