പത്തനംതിട്ട: അന്തരിച്ച സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ആർ. പ്രദീപിന്റെ സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും. ഉച്ചക്ക് ഒന്നിനാണ് സംസ്കാരം.ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലും ഒമ്പതിന് ഇലന്തൂരിൽ ഇ.എം.എസ് സഹകരണ ആശുപത്രിയിലും 9.15ന് ഇലന്തൂർ സർവിസ് സഹകരണ സംഘത്തിലും പൊതുദർശനത്തിന് വെക്കും. രാവിലെ 10ന് മൃതദേഹം വീട്ടിലെത്തിക്കും.
ശനിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ പാർട്ടി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. നല്ലൊരു കർഷകനായ പ്രദീപ് വിവിധ സ്ഥലങ്ങളിൽ നെൽകൃഷി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ കൂടാതെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനക്ക് ഇരയായിട്ടുണ്ടോ എന്ന സംശയവുമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, മന്ത്രി വീണ ജോർജ് എന്നിവർ ഞായറാഴ്ച വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.