മുംബൈ: രോഗിയാണെന്ന പ്രഗ്യാ സിങ് താക്കൂറിന്റെ വാദം ശരിവച്ച് ദേശീയ അന്വേഷണ ഏജൻസി. 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി ബി.ജെ.പി എം.പി മുംബൈയിലെ എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനാണിപ്പോൾ അന്വേഷണ ഏജൻസി അനുമതി നൽകിയത്. എൻ.ഐ.എ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രഗ്യയ്ക്ക് കോടതി ഇളവ് നൽകുകയും ചെയ്തു. മലേഗാവ് സ്‌ഫോടനക്കേസിൽ നേരത്തെ കോടതി പ്രഗ്യയ്ക്ക് അന്ത്യശാസന നൽകിയിരുന്നു. കേസിൽ അന്തിമ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പ്രഗ്യാ സിങ് നിരന്തരമായി വാദംകേൾക്കലിന് എത്താത്തത് നടപടിക്രമങ്ങളെ ബാധിക്കുന്നുണ്ടെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
പക്ഷെ ആരോഗ്യം മോശമായതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇവർ അറിയിക്കുകയായിരുന്നു. സെർവിക്കൽ സ്‌പോണ്ടിലോസിസ്(നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖം), മൈഗ്രൈൻ ഉൾപ്പെടെ നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്തു.