കൊച്ചി : മലയാള ടെലിവിഷന്‍ ചാനല്‍ രംഗത്ത് ഇപ്പോള്‍ സ്ഥാനമാറ്റങ്ങളുടെ സമയമാണ്. ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിന്റെ തലപ്പത്ത് നിന്ന് രാജി വെയ്ക്കുകയും പകരം മീഡിയ വണ്ണില്‍ ചേരുകയും ചെയ്തതാണ് അടുത്തിടെ നടന്ന മാറ്റം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്‍ ചാനലിന്റെ തലപ്പത്തേക്ക് മാറുന്നുവെന്നതാണ് പുതിയ വാര്‍ത്ത. മനോരമ ന്യൂസില്‍ നിന്ന് രാജിവെച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ ചുമതലയേല്‍ക്കും
മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പ്രമോദ് രാമന്‍ കാസര്‍ഗോഡ് രാവണീശ്വരം സ്വദേശിയാണ്. കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തല്‍സമയ വാര്‍ത്ത വായിച്ച മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് പ്രമോദ് രാമന്‍. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്റ്റംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു വാര്‍ത്താവതരണം.
കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ പ്രമോദ് രാമന്‍ ദേശാഭിമാനിയിലായിരുന്നു തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സദ് വാര്‍ത്ത ദിനപ്പത്രത്തിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി. മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ പ്രമോദ് രാമന്‍ ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിന്റെ അവതരണ ചുമതല പ്രമോദ് രാമനായിരുന്നു. നിലവില്‍ പുലര്‍വേള എന്ന പ്രഭാത പരിപാടിയുടെ അവതാരകന്‍ കൂടിയാണ്.
പുതുനിര എഴുത്തുകാരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനകളുമാണ് പ്രമോദ് രാമന്റേത്. രതിമാതാവിന്റെ പുത്രന്‍, ഛേദാംശജീവിതം, നപുംസകരുടെ പത്ത് പടവുകള്‍ എന്നീ കഥകള്‍ പരമ്പരാഗത പ്രമേയ സ്വീകരണവും ആഖ്യാനശൈലിയും മറികടന്നുള്ളവയെന്ന നിലയില്‍ കൂടി ചര്‍ച്ചയായിരുന്നു. രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ്, ബാബ്റി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു എന്നീ കഥാസമാഹാരങ്ങളും പ്രമോദ് രാമന്റേതായി പുറത്തുവന്നിട്ടുണ്ട്. കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി പ്രമുഖ സംവിധായകന്‍ കെ.പി കുമാരന്‍ ഒരുക്കിയ ഗ്രാമൃക്ഷത്തിലെ കുയില്‍ എന്ന സിനിമയില്‍ മൂര്‍ക്കോത്ത് കുമാരനെ അവതരിപ്പിച്ചത് പ്രമോദ് രാമനായിരുന്നു.