അടൂര്‍ : സുഭിക്ഷ കേരളത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കായി അടൂരില്‍ നടപ്പാക്കുന്ന സുവര്‍ണ ഭൂമി 2020 അടൂര്‍ പദ്ധതിയിലൂടെ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി മേഖലകളില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ നല്‍കുന്നതിനും പരിശീലനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കേരളാ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക്, ലീഡ് ബാങ്ക് പ്രതിനിധികളുടേയും ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് മുന്‍പ് [email protected] എന്ന മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ജൂണ്‍ 10 ന് അകം പ്രോജക്ടുകള്‍ തയാറാക്കി നല്‍കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. സുരേഷ്, വെറ്ററിനറി സര്‍ജന്‍ ഡോ. സായി, ക്ഷീരവകുപ്പ് അസി. ഡയറക്ടര്‍ മാത്യു വര്‍ഗീസ്, ഫിഷറീസ് ഓഫീസര്‍ സുകേശിനി, കേരളാ ബാങ്ക് സോണല്‍ ഓഫീസര്‍ ജി. ശിവദാസന്‍, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ മനോജ് വര്‍ഗീസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.