തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ വിമാന ടിക്കറ്റ് അടക്കമുള്ള സാമ്പത്തിക ചെലവ് കേന്ദ്രം വഹിക്കണമെന്നാവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കത്തയച്ച കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ കൂട്ടത്തില്‍ വളരെ കുറഞ്ഞ വരുമാനമുള്ളവരും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരും പാര്‍ട്ട് ടൈം വരുമാനം നിലച്ചുപോയ വിദ്യാര്‍ത്ഥികളും ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരും എല്ലാമുണ്ട്. ഇവര്‍ക്കെല്ലാം നാട്ടിലേക്ക് തിരിച്ചു വരേണ്ടതുണ്ടെങ്കിലും വിമാന യാത്രാക്കൂലി സ്വന്തമായി വഹിക്കാന്‍ പ്രയാസമുണ്ടാവും.
ഈ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇത്തരക്കാരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം എന്നാണ് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോയവര്‍, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ നിവര്‍ത്തിയില്ലാത്തവര്‍, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ ഇവരെയെല്ലാം നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.. പ്രവാസികളെ സഹായിക്കാന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ സുരക്ഷയും ചികിത്സയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. അതെസമയം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ഇതിനകം 2,02000 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.