തൃശ്ശൂർ: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ (Pravasi Group Of Companies) മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിതപലിശ വാഗ്ദാനം ചെയ്ത് പണം സ്വീകരിച്ചശേഷം തിരികെ നൽകാതെ വഞ്ചിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡയറക്ടർമാരിലൊരാളായ ഗുരുവായൂർ തിരുവെങ്കിടം താണിയിൽ പ്രഭാകരനെ(64)യാണ് ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. പത്തു മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് പോലീസ് വീട്ടിലെത്തി അറസ്റ്റുചെയ്തത്.
പാവറട്ടി, വാടാനപ്പള്ളി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരേ അറുപതിലധികം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പത്തുകോടിയിലധികം രൂപയാണ് സംഘം തട്ടിപ്പുനടത്തിയത്. കേസിൽ ഇനിയും പ്രതികളെ അറസ്റ്റുചെയ്യാനുണ്ട്. ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം നടത്തുന്നത്. സബ് ഇൻസ്പെക്ടർ പ്രീതാ ബാബു, സബ് ഇൻസ്പെക്ടർ കെ.വി. വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ റോബിൻസൺ, ഇ.കെ. ഹംദ്, രജനീഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.