പത്തനംതിട്ട: “പ്രവാസികള്‍ – അവര്‍ അന്യരല്ല” എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 1084 ബൂത്ത് കേന്ദ്രങ്ങളില്‍ മെഴുകതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും പ്രവാസികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദും അഡ്വ. എ. സുരേഷ് കുമാറും പറഞ്ഞു.
കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം ഡി.സി.സി നടത്തുന്ന മൂന്നാംഘട്ട സമരമാണിത്. പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലക്ക് പ്രത്യേക പാക്കേജും ചാര്‍ട്ടേഡ് വിമാനവും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തും തുടര്‍ന്ന് 125 കേന്ദ്രങ്ങളില്‍ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളും ധര്‍ണ്ണ നടത്തിയിരുന്നു. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇന്നത്തെ ബൂത്ത്തല പരിപാടിയില്‍ പങ്കാളികളാകും.