ദുബായ്: സഹായം ആവശ്യപ്പെട്ട മലയാളിയായ ഗള്‍ഫ് പ്രവാസിയോട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അങ്ങേയറ്റം മോശമായി പെരുമാറിയതായി പരാതി. ദുബായിലെ നൈഫില്‍ ജോലി ആവശ്യത്തിനായി ഒരു മാസത്തെ വീസാ കാലാവധിയില്‍ എത്തിയ അഫ്‌നാസ് എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മലയാളം വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയില്‍ ‘ടെലി ഇന്നി’ലൂടെ പങ്കെടുത്തുകൊണ്ടാണ് അഫ്‌നാസ് താനും തന്നെപോലെ യുള്ള പ്രവാസികളും നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചത്.
എംബസിയുടെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായങ്ങളും ലഭിക്കുന്നില്ലെന്നും എംബസിയിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ പെട്ടെന്നുതന്നെ ഉദ്യോഗസ്ഥര്‍ കോളുകള്‍ കട്ട് ചെയ്യുകയാണെന്നുമാണ് അഫ്‌നാസ് ചാനലിനോട് പറഞ്ഞത്. സഹായം ചോദിക്കുമ്പോള്‍ ‘നിങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ ഇങ്ങോട്ട് വന്നതെ’ന്നും ‘ഇങ്ങോട്ട് വിളിക്കേണ്ട’തില്ലെന്നും ‘ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടാ’നുമാണ് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നെതെന്ന് അഫ്‌നാസ് വെളിപ്പെടുത്തുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമത്തിനുള്ള സ്ഥാപനമായ ‘നോര്‍ക്ക’യും ദുബായിലെ സാമൂഹിക പ്രവര്‍ത്തകരുമാണ് തന്നെപ്പോലുള്ള പ്രവാസികള്‍ക്ക് നിലവില്‍ സഹായങ്ങള്‍ എത്തിക്കുന്നെതെന്നും ഇദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് താമസത്തിനും മറ്റും കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നും അഫ്‌നാസ് വ്യക്തമാക്കുന്നു.