തിരുവനന്തപുരം : പതിനെട്ടാമത് പ്രവാസി ഭാരതി (കേരള) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ 100ാം ജന്മദിനം പ്രമാണിച്ച് രാഷ്ട്രീയ രംഗത്തുള്ളവർക്കായി ഏർപ്പെടുത്തിയ ഇ.കെ നായനാർ സ്‌മാരക അവാർഡിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും കെ.കെ ശൈലജയേയും തെരഞ്ഞെടുത്തു.
റിട്ട. ജസ്റ്റിസ് എം.ഫാത്തിമ ബീവി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് എം.ഡി വി. തുളസീദാസ്, എം.ജി.എം എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, പ്രമോദ് പയ്യന്നൂർ, കവി മുരുകൻ കാട്ടാക്കട തുടങ്ങി 30 പേരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്.
പുരസ്‌കാരങ്ങൾ 10ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജു സമ്മാനിക്കും. ജസ്റ്റിസ് സിറിയക് ജോസഫ്, മേയർ കെ. ശ്രീകുമാർ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ സി.ദിവാകരൻ, വി.എസ് ശിവകുമാർ, ഒ.രാജഗോപാൽ, ഐ.ബി സതീഷ് തുടങ്ങിയവർ പങ്കെടുക്കും.