കൊല്ലം: കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയില്‍ ചേക്കേറാനൊരുങ്ങി മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി പ്രയാര്‍ രഹസ്യചര്‍ച്ച നടത്തി.
പ്രയാര്‍ ചടയമംഗലം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മില്‍മ മുന്‍ ചെയര്‍മാനുമാണ്. പ്രയാറിനെ ബിജെപിയില്‍ എത്തിക്കാനുള്ള ചര്‍ച്ചയുടെ ഇടനിലക്കാരനായത് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് രാമന്‍നായരാണ്. ബിജെപി സംസ്ഥാന നേതൃത്വം നേരിട്ടാണ് ചര്‍ച്ച നടത്തിയത്.
ബിജെപിയില്‍ ചേര്‍ന്നാല്‍ കൊല്ലത്തോ കൊട്ടാരക്കരയിലോ സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയുമാണ് വാഗ്ദാനമെന്ന് അറിയുന്നു. കൊല്ലത്ത് അഞ്ചിനെത്തുന്ന വിജയയാത്രയില്‍ പ്രയാറിനെ ബിജെപിയിലേക്ക് സ്വീകരിക്കാനാണ് സുരേന്ദ്രന്റെയും കൂട്ടരുടെയും നീക്കം. എന്നാല്‍, കെപിസിസി സ്ഥാനാര്‍ത്ഥി ലിസ്റ്റ് വന്നശേഷം നിലപാട് പ്രഖ്യാപിക്കാമെന്ന് പ്രയാര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
സീറ്റ് ഇല്ലെങ്കില്‍ മറ്റ് പദവികള്‍ കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്യുമെന്നും പ്രയാര്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം ചടയമംഗലം സീറ്റ് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് പ്രയാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനവും പ്രയാര്‍ നോട്ടമിടുന്നു.
പ്രയാറിനെ ബിജെപിയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ശബരിമല വിഷയത്തില്‍ പ്രയാറിന്റെ പ്രസ്താവനകള്‍ സംഘപരിവാര്‍ നേതാക്കളുടേതിന് സമാനമായിരുന്നു. എന്നാല്‍, അന്നൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് പ്രയാറിന്റെ ബിജെപി പ്രവേശം തടഞ്ഞത്.