പാലക്കാട് : തിരിവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നാണ് വെള്ളിയാർ പുഴയിൽ ആന ചരിഞ്ഞതെന്ന് സൂചന. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൈലന്‍റ് വാലി വനമേഖലയിൽ നിന്ന് പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന പിടിയാനയാണ് നാല് ദിവസം മുൻപ് ചരിഞ്ഞത്. മീൻപിടിക്കാൻ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്‍റെ ആദ്യ നിഗമനം. എന്നാൽ ആനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടി തകർന്നതായി വ്യക്തമായി. അമ്പലപ്പാറ വനമേഖലയിലെ കർഷകർ പന്നിയെ തുരത്താനായി കൃഷിയിടത്തിൽ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളിൽ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്‍റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്.
നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. അവശനിലയിൽ കണ്ട ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തിൽ നിൽക്കുന്നതിനിടെ ഒരു മാസം ഗർഭിണിയായ ആന ചരിയുകയായിരുന്നു. 1996 -ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിൽ സമാന രീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു.