ചെന്നൈ: പ്രസവിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ അമ്മ കൊന്നു കത്തിച്ചു. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഗുപുരത്തു താമസിക്കുന്ന എസ്. ശങ്കരഗോമതി (22) ആണ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ താന്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ കൊന്ന് മൃതദേഹം കത്തിച്ചത്.
തെങ്കാശിയിലെ സിനിമാ തീയേറ്ററിന് സമീപം തീ കണ്ട് എത്തിയ സമീപവാസികളാണ് നവജാത ശിശുവിന്റെ മൃതദേഹമാണ് കത്തുന്നതെന്ന് കണ്ടത്. പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ശങ്കരന്‍ങ്കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുണിക്ക് തീകൊളുത്തിയാണ് കുഞ്ഞിനെ കത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കൊല്ലാനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് അറിയിച്ചു.