കൊച്ചി: കേരളത്തില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായി ആദ്യ കോവിഡ് ആശുപത്രി എറണാകുളത്ത് മട്ടാഞ്ചേരിയില്‍ സജ്ജമാകുന്നു. മട്ടാഞ്ചേരിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയാണ് ഇത്തരത്തില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായുള്ള കോവിഡ് ആശുപത്രിയായി സജ്ജമാക്കുന്നത്. ഗര്‍ഭിണികളായ കോവിഡ് ബാധിതര്‍ക്ക് മറ്റ് രോഗികളില്‍ നിന്നും വിപരീതമായി പ്രത്യേക ചികിത്സ അനിവാര്യമാണ്. നിലവില്‍ സംസ്ഥാനത്ത് ഗര്‍ഭിണികള്‍ക്ക് രോഗബാധ കാര്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മഹാമാരിയെ പഴുതടച്ച് നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
കോവിഡ് പോസിറ്റീവ് ആയുള്ള ഗര്‍ഭിണികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും മാത്രമാണ് ഇവിടെ ചികിത്സ നല്‍കുക. 2കോടി രൂപ ചെലവിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറയുന്നു. കോവിഡ് സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കപ്പെടുന്ന സാഹചര്യത്തില്‍ ആശുപത്രി പഴയ രീതിയിലേക്ക് മാറുമെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ മറ്റ് ജില്ലകളിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി ഉടന്‍ തന്നെ കോവിഡ് ആശുപത്രികള്‍ നിലവില്‍ വരും.