ഭോപ്പാൽ : ദേശീയ ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശവുമായി മധ്യപ്രദേശും രംഗത്ത്. ലോക്ക് ഡൗൺ നീട്ടുകയല്ലാത്തെ കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇതോടെ ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആയി. ഒൻപത് സംസ്ഥാനങ്ങളും കൂടി ഇതേ നിലപാട് സ്വീകരിച്ചേക്കും എന്നാണ് സൂചന. ലോക്ക് ഡൗൺ വിഷയത്തിൽ കേരളത്തിന്റെ നിലപാട് ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും.
ഭൂരിഭാഗം സംസ്ഥാനങ്ങളും വിദഗ്ദ്ധൻമാരും ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഈ നിലയിൽ സർക്കാർ ചർച്ചകളും ആലോചനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.
ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.