കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). മണ്ണിടിഞ്ഞതിന് കാരണം മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസം (Wedge movement)ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്താനും പരിശോധന റിപ്പോർട്ട് എല്ലാ ദിവസവും വൈകീട്ട് നൽകണമെന്നും കളക്ടർ നിർദേശം നൽകി. എളയാവൂരിൽ പൂർണതോതിലുള്ള പ്രശ്ന പരിഹാരത്തിനുള്ള നടപടി ഉണ്ടാകുമെന്ന് എൻഎച്ച്എഐ അറിയിച്ചു. സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് തേടി. കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മൂന്ന് വർഷം മുൻപ് വൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്ന് രാവിലെ സംരക്ഷണ ഭിത്തി തകർന്ന് 15 അടി താഴ്ചയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ 6 മണിയോടെയാണ് സംരക്ഷണഭിത്തി തകർന്ന് മണ്ണിടിഞ്ഞത് നാട്ടുകാർ കാണുന്നത്. 2023 ജൂലൈയിൽ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിഞ്ഞിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് സംരക്ഷണ ഭിത്തി കെട്ടി മുകൾ ഭാഗത്ത് മണ്ണ് നിറച്ചത്. ഇതാണ് 15 അടി താഴ്ചയിലേക്ക് താഴ്ന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും എംഎൽഎ ടി.ഒ.മോഹനനും പറഞ്ഞു.






























