ഡൽഹി : മൂന്നാം തവണയും കാശിയിലെ ജനങ്ങളെ സേവിക്കാൻ തയാറെടുക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. മണ്ഡലത്തിൽ 2014 മുതൽ മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നും, ഇത് തുടരും എന്നും മോദി ട്വീറ്റ് ചെയ്തു. കാശി ഉൾപ്പെടുന്ന വാരാണസി മണ്ഡലത്തിലാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി മൂന്നാം തവണയും ജനവിധി തേടുന്നത്. കേരളം അടക്കം പതിനാറ് സംസ്ഥാനങ്ങളിലെ 195 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയിൽ മൂന്നാമതും ജനവിധി തേടും. അമിത് ഷാ, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ഇന്നത്തെ പട്ടികയിലുണ്ട്. ദില്ലിയിൽ നാല് സിറ്റിംഗ് എംപിമാരെ മാറ്റിയ ബിജെപി സുഷമ സ്വരാജിൻറെ മകൾ ബാൻസുരി സ്വരാജിനെ മത്സര രംഗത്തിറക്കി.
പകുതിയോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ആദ്യംതന്നെ പ്രഖ്യാപിച്ച് നേരത്തെ കളം പിടിക്കാനാണ് ബിജെപി നീക്കം. 34 മന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെട്ട പട്ടികയിൽ 28 പേർ സ്ത്രീകളാണ്. 57 പേർ പിന്നാക്ക വിഭാഗത്തിൽനിന്നാണ്. നാലിലൊന്ന് സീറ്റുകൾ യുവസ്ഥാനാർത്ഥികൾക്ക് നൽകി. നരേന്ദ്രമോദി രണ്ടിടത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വാരാണസിയിൽ മാത്രമേ മത്സരിക്കൂവെന്നാണ് നേതൃത്വം നൽകുന്ന സൂചന.