ബംഗളൂരു: ബംഗളൂരുവിൽ ജനവാസമേഖലയിൽ പുലിയുടെ സാന്നിദ്ധ്യമുള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ. ഹെസാരഘട്ട-യെലഹങ്ക മേഖലയ്ക്ക് സമീപം രണ്ട് പുള്ളിപ്പുലികളെ കണ്ടതായാണ് റിപ്പോർട്ട്. ഈ മേഖലയിലെ എല്ലാ താമസക്കാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കണമെന്നും, മാലിന്യം ശരിയായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. അശ്രദ്ധമായി റോഡരികിൽ മാലിന്യം തള്ളുമ്പോൾ അത് ഭക്ഷിക്കാനായി തെരുവ് നായകൾ എത്തുകയും തുടർന്ന് പുള്ളിപ്പുലികൾ ആ സ്ഥലത്തേക്ക് ഇരപിടിക്കാൻ ഇറങ്ങുന്ന സാഹചര്യവും ഉണ്ടാകും. നിലവിൽ രണ്ട് പുള്ളിപ്പുലികൾ ജനവാസ മേഖലയിൽ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ആഴ്ചകളോളമുള്ള തിരച്ചിലിന് ഒടുവിൽ ആനേക്കലിന് സമീപം ഒരു പുലി വനം വകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങിയിട്ടുള്ളതായും ബെംഗളൂരു അർബൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ രവീന്ദ്ര കുമാർ പറഞ്ഞു.
സാഹചര്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷയും ജാഗ്രതയും ഉറപ്പാക്കാൻ താമസക്കാർക്കും ആർഡബ്ല്യുഎകൾക്കും പൊതുജന ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ട്. പുലിയെ കണ്ടാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബോധവത്കരിക്കാൻ വനംവകുപ്പ് വിദഗ്ധ സംഘത്തെയും ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കി. പുലികളെ പിടികൂടാൻ വിവിധ ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പുലികളെ ആകർഷിക്കുന്ന തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.