പത്തനംതിട്ട : ശബരി സന്നിധിയില്‍ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികന്‍ ശിവമണി. ലോകം കൊതിയോടെ കേൾക്കാൻ ആഗ്രഹിക്കുന്ന നാദവിസ്മയം ശിവമണിയുടെ കൈകൾ ഉയർന്നു താഴുമ്പോൾ കേൾക്കാൻ ആഗ്രഹിക്കുന്ന മാന്ത്രികതയ്ക്കു അയ്യൻ്റെ പൂങ്കാവനം വീണ്ടും വേദിയായി. കൂടെ താളം പിടിച്ചു ഒപ്പം കൂടി മകൾ മിലാന. സംഗീതത്തിൽ സ്വയം അലിഞ്ഞു താളം പിടിച്ചു ഭക്തജനങ്ങളും. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ശിവമണിക്കു കൂട്ടിനു മലയാളികളുടെ പ്രിയ ഗായകന്‍ സുധീപ് കുമാറും കീ ബോര്‍ഡുമായി പ്രകാശ് ഉള്ളിയേരിയും ശിവമണിക്കൊപ്പമുണ്ടായിരുന്നു.
ശിവമണിയുടെ ശംഖൊലിയിൽ ആരംഭിച്ച പരിപാടി സുധീപ് കുമാറിൻ്റെ ഗാനാലാപത്തിലൂടെ കടന്നു ശിവമണിയും പ്രകാശ് ഉള്ളിയേരിയുടേയും ഫ്യൂഷനിലാണ് അവസാനിച്ചത്. എല്ലാവരും അയ്യനെ കണ്ടു സന്തോഷത്തോടെ മലയിറങ്ങണം. പിറന്നാൾ ദിനത്തിൽ അയ്യപ്പനു നൽകുന്ന നേർച്ചയാണു തൻ്റെ കൈകളിലൂടെ വരുന്ന സംഗീതം. കന്നി മാളികപ്പുറമായ മകളുടെ ആദ്യ വേദിയാണ് സന്നിധാനത്തിലേതെന്നും ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശനം നടത്തുന്നു. പുതിയതായി വാങ്ങിയ ഓട്ടോ ഡ്രം എന്ന വാദ്യോപകരണത്തിൻ്റെ തുടക്കവും ശിവമണി സന്നിധാനത്തുനിന്നും ആരംഭിച്ചു.