കൊച്ചി : കാക്കനാട് ഗവ.പ്രസില്‍നിന്ന് 2004 – 2011 കാലയളവില്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന 64,235 കിലോഗ്രാം ടൈപ്പ് മെറ്റല്‍ കാണാതായ സംഭവത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ വിശദീകരണം തേടി. ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് 34 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് വിജിലന്‍സ് കോടതി വിശദീകരണം തേടിയത്.
സര്‍ക്കാര്‍ പ്രസില്‍നിന്ന് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ലെഡ്, ഈയം, അഞ്ജനക്കല്ല് എന്നിവ ഉപയോഗിച്ചുള്ള ലോഹസങ്കരം കൊണ്ടുള്ള ടൈപ്പ് മെറ്റല്‍ കാണാതായെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് 34 ലക്ഷം രൂപ വിലമതിക്കുന്ന ടൈപ്പ് മെറ്റല്‍ കാണാതായിട്ടുണ്ടെന്നും ഇതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ക്രമക്കേടും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.
ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെല്ലാം ജോലിയില്‍നിന്ന് വിരമിച്ചതിനാല്‍ ഇവരില്‍നിന്ന് നഷ്ടമായ 34 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചു പൊതുപ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.