പത്തനംതിട്ട : കര്‍ഷര്‍ക്ക് തിരിച്ചടിയായി രാസവള വിലക്കയറ്റം. കേന്ദ്രസര്‍ക്കാര്‍ രാസവള സബ്‌സിഡി വെട്ടിക്കുറച്ചതാണ് വില വര്‍ദ്ധനവിന് പ്രധാന കാരണം. രാസവളങ്ങളിലെ പ്രധാനിയായ പൊട്ടാഷിന് മൂന്ന് മാസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. 1000 രൂപയായിരുന്ന 50 കിലോഗ്രാം ചാക്കിന് ഇപ്പോള്‍ 1600 രൂപയാണ് വില. ചില്ലറയായി വാങ്ങുകയാണെങ്കില്‍ വീണ്ടും വര്‍ധിക്കും. മിക്ക കോംപ്ലക്‌സ് വളങ്ങള്‍ക്കും പൊട്ടാഷ് ചേരുന്നതിനാല്‍ ഈ വളങ്ങള്‍ക്കും ആനുപാതികമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നൈട്രജന്‍ – ഫോസ്‌ഫറസ് – പൊട്ടാസ്യം വളങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.
ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വില വര്‍ദ്ധിച്ചത് നെല്ല് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. 1140 രൂപയായിരുന്ന ഒരു ചാക്കിന് ഇപ്പോള്‍ 1300 രൂപയായാണ് വര്‍ധിച്ചത്. ന്യൂട്രിയന്റ് സബ്‌സിഡി പോളിസി പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ വളത്തിന്റെ വിലയും സബ്‌സിഡിയും നിര്‍ണയിക്കുന്നത്. യൂറിയയെ മാത്രം വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവയെ പട്ടികയുടെ പുറത്താക്കിയതും ഫോസ്‌ഫറസ്, പൊട്ടാഷ് വളങ്ങളുടെ വിലക്കയറ്റത്തിന് കാരണം. രാസവള വില നിയന്ത്രണത്തിന് നടപടി വേണമെന്ന് പാടശേഖര സമിതികളും കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു.