തൃശ്ശൂർ : കൃഷിസ്ഥലത്തെ വലയിൽ കുടുങ്ങിയ മയിലുകളെ തല്ലിക്കൊന്ന വൈദികനെതിരേ കേസ് എടുത്തു. രാമവർമപുരം വിയ്യാനി ഭവൻ ഡയറക്ടറും സെയ്ന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഫാ.ദേവസി പന്തല്ലൂക്കാരന്റെ (65) പേരിലാണ് കേസ്. ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആണ് ഇദ്ദേഹത്തെ പിടികൂടിയത്.
വെള്ളിയാഴ്ച നാലുമണിയോടെയായിരുന്നു സംഭവം. രാമവർമപുരത്തെ സ്ഥാപനത്തിലെ കൃഷിയിടത്തിലെ വലയിൽ കുടുങ്ങിയ മയിലുകളെ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. രണ്ട് പെൺമയിലുകളാണ് ചത്തത്. മയിലുകളുടെ ജഡം പഴയകസേരയിൽ അശ്രദ്ധമായി ഇട്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും വനംവകുപ്പുസംഘം സ്ഥലത്തെത്തി. വന്യജീവിസംരക്ഷണനിയമം ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷണമുള്ള മയിലുകൾ ദേശീയപക്ഷിയുമാണ്.
തൃശ്ശൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് വൈദികനെ കസ്റ്റഡിയിൽ എടുത്തത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.യു പ്രഭാകരൻ, ഷിജു ജേക്കബ്ബ്, കെ.ഗിരീഷ്കുമാർ, ഫോറസ്റ്റ് ഡ്രൈവർ സി.പി സജീവ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.