ന്യൂഡൽഹി: യുവാക്കൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ കുറുക്കുവഴികൾ തേടുന്നതിന് പകരം കഠിനാധ്വാനത്തിലും അനുഭവങ്ങളിൽ നിന്നുള്ള പഠനത്തിലും വിശ്വസിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ തങ്ങൾ ആരാധിക്കുന്ന വ്യക്തികളുടെയോ മാതൃകയാക്കുന്നവരുടെയോ ആത്മകഥകൾ വായിക്കുന്ന ശീലം വളർത്തണമെന്നും മോദി പറഞ്ഞു. ഇത്തരം പുസ്തകങ്ങളിലൂടെ വ്യക്തികളുടെ ജീവിതയാത്രയെക്കുറിച്ച് മാത്രമല്ല അവർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല. വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ അവർ ലോകമെമ്പാടും വ്യക്തിത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ചാണ് മോദിയുടെ പോസ്റ്റ്. വായനയിലൂടെ ലഭിക്കുന്ന അറിവ് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും യുവാക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.





























