കൊച്ചി: മറൈൻഡ്രൈവിൽ നടന്ന ബി.ജെ.പി. ശക്തികേന്ദ്ര ചുമതലക്കാരുടെ സമ്മേളനത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത്, സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്് നൽകിയ അമ്പും വില്ലും. മോദി ധനുസെടുത്ത് മുകളിലേക്കു പിടിച്ച് പോസ് ചെയ്തതും പ്രവർത്തകരെ ആവേശത്തിലാക്കി. ബി.ജെ.പി. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടപ്രകാരം മരത്തിൽ കൊത്തുവേലകൾ ചെയ്യുന്ന ചമ്പക്കരയിലെ റാഫേൽ ബിനുവാണ് ധനുസ് ഉണ്ടാക്കിയത്. തേക്കിൻതടിയിൽ തീർത്ത അമ്പും വില്ലുമെന്നാണ് ഉപഹാരം നൽകിയപ്പോൾ മൈക്കിലൂടെ പറഞ്ഞത്.
എന്നാൽ, കൊത്തുപണിക്ക് ഉപയോഗിക്കുന്ന കുമ്പിൾമരത്തിലാണ് അമ്പും വില്ലുമുണ്ടാക്കിയതെന്ന് റാഫേൽ ബിനു ‘മാതൃഭൂമി’യോട് പറഞ്ഞു. നാലര അടി നീളംവരുന്ന അമ്പും വില്ലും ഒറ്റ ദിവസംകൊണ്ടാണ് കൊത്തിയുണ്ടാക്കിയത്. ഞായറാഴ്ച വൈകീട്ടാണ് നേതാക്കൾ ആവശ്യപ്പെട്ടത്.