പത്തനംതിട്ട: സ്വകാര്യ ബസ് സര്‍വീസ് വീണ്ടും പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയില്‍ ജീവനക്കാരും ഉടമകളും. കോവിഡ് തുടങ്ങിയതില്‍ പിന്നെ സ്വകാര്യ ബസ് സര്‍വിസ് ആകെ പ്രതിസന്ധിയിലാണ്. കോവിഡ് വര്‍ധിച്ചതോടെ ബസുകളില്‍ നിന്ന് യാത്രചെയ്യാന്‍ പറ്റില്ലെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ ബസ് ഉടകളെയും ജീവനക്കാരെയും ആശങ്കയിലാക്കുന്നത്. കോവിഡ് ബാധ വന്നതോടെ പ്രതിസന്ധിയിലായ ബസ് ജീവനക്കാര്‍ ഇപ്പോഴും ഇതില്‍നിന്ന് മോചിതരായിട്ടില്ല. അപ്പോഴാണ് സര്‍ക്കാരിന്റെ അടുത്ത നിര്‍ദേശം.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിന് ജില്ലയില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജനങ്ങള്‍ പുറത്തിറങ്ങാതായി. അതിന് ശേഷമാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. അതോടെ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സ്ഥിതിയായി. വീണ്ടും കേസുകള്‍ വര്‍ധിച്ചതോടെ കര്‍ഫ്യൂ വന്നു. അതോടെ പൂര്‍ണമായും ബസ് സര്‍വീസ് നിര്‍ത്തലാക്കി. ഉടമകളും തൊഴിലാളികളും ഒരുപോലെ ദുരിതത്തിലാവുകയായിരുന്നു.
ഇതിനിടയില്‍ ഇന്‍ഷുറന്‍സും ടാക്സും അടക്കാന്‍ സാവകാശം നല്‍കിയെങ്കിലും അത് അടച്ചുതീര്‍ക്കാന്‍ ഉടമകള്‍ക്ക് വലിയ നഷ്ടം സഹിക്കേണ്ടിവന്നു. മുന്നൂറിലധികം ബസുകള്‍ ജി.ഫോം നല്‍കുകയും ചെയ്തു. ജില്ലയില്‍ 368 ഓളം സ്വകാര്യ ബസുകളാണുള്ളത്. 2000ല്‍ അധികം ജീവനക്കാരുമുണ്ട്. വീണ്ടും ബസ് ഉടമകളെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന നിര്‍ദേശമാണ് വന്നിരിക്കുന്നതെന്ന് ഓള് കേരളാ ബസ്സ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടല്‍ ശ്രീകുമാര്‍ പറഞ്ഞു.
ഇപ്പോള്‍ മണിക്കൂറുകള്‍ നീളുന്ന പൊതുയോഗങ്ങളും മറ്റും നടത്തുന്നുണ്ട്. കുറച്ച് സമയം ബസില്‍ യാത്ര ചെയ്തതുകൊണ്ട് രോഗം പകരുകയില്ല. സ്വകാര്യ ബസിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോള്‍ തന്നെ ബസില്‍ തിരക്ക് കുറവാണ്. നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയാല്‍ ബസ്സ് സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ജീവനക്കാരെ പട്ടിണിയിലേക്കും ഉടമകളെ വന്‍ കടത്തിലേക്കും തള്ളിയിടുവാന്‍ മാത്രമേ ഈ നടപടിയിലൂടെ കഴിയൂ എന്ന് ശ്രീകുമാര്‍ പറഞ്ഞു.