കൊച്ചി : സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതോടെ സംസ്ഥാനമൊട്ടാകെ യാത്രക്കാർ ദുരിതത്തിലായി. സമയക്രമം പാലിച്ച് കെഎസ്ആർടിസി ബസുകൾ ഓടാത്തതും ദുരിതം ഇരട്ടിയാക്കുന്നു. എന്നാൽ സമയം പാലിച്ച് തന്നെയാണ് ബസുകൾ ഓടിക്കുന്നതെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നു. ഇന്നു മുതൽ സർക്കാർ ജീവനക്കാർ മുഴുവൻ ഓഫീസുകളിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇതിനായി രാവിലെ ഇറങ്ങിയവരാണ് ബസുകളുടെ കുറവ് കാരണം കൂടുതലും ദുരിതത്തിലായത്.
ബസ് ചാർജ് വർധനയില്ലെന്ന് സർക്കാർ നിലപാട് എടുത്തതോടെ മിക്ക ജില്ലകളിലും ഇന്ന് രാവിലെ മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഇതുമൂലം പലർക്കും സമയത്ത് ജോലിയ്ക്ക് എത്താനായില്ല. ജില്ലാ അതിർത്തികളിൽ നിന്ന് എത്തിയവരാണ് കൂടുതലും കുരുങ്ങിയത്. ചിലർ കെഎസ്ആർടിസി ജീവനക്കാരോട് തട്ടികയറി. എന്നാൽ എല്ലാ റൂട്ടിലേക്കും സമയക്രമം പാലിച്ചും യാത്രക്കാരുടെ തിരക്കിന് അനുസരിച്ചും സർവീസ് നടത്തുന്നുണ്ടെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സ്വകാര്യ ബസുകൾ നിരത്തിലില്ലാത്തത് വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കിയേക്കും. കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.