പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചുട്ടിപ്പാറയിലേക്കുള്ള വഴി ചില സ്വകാര്യ വ്യക്തികള്‍ കയ്യേറി താഴിട്ടുപൂട്ടിയതായി പരാതി. നഗരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ചുട്ടിപ്പാറ ജില്ലയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ നിരവധി ആളുകള്‍ ഇവിടെ എത്തിയിരുന്നു. ചുട്ടിപ്പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ നഗരം മുഴുവന്‍ കാണുവാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചുട്ടിപ്പാറയുമായി ബന്ധപ്പെട്ട് റോപ്പ് വേ പദ്ധതിയുള്‍പ്പെടെ നഗരസഭ ആവിഷ്കരിച്ചിരുന്നു. 2021 ൽ ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ചതോടെ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.
എന്നാല്‍ റവന്യു ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ചുട്ടിപ്പാറയെന്ന പൊതുസ്വത്തിലേക്കുള്ള വഴി ഇരുമ്പ് ഗേറ്റ് സ്ഥാപിച്ച് താഴിട്ടുപൂട്ടാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇതൊന്നുമറിയാതെ ചുട്ടിപ്പാറ കാണുവാനെത്തുന്ന ആളുകള്‍ താഴിട്ടുപൂട്ടിയ ഗേറ്റ് കണ്ട് തിരികെ പോകുന്നതാണ് നിലവിലെ അവസ്ഥ. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനാല്‍ ഗേറ്റ് പൂട്ടിയിടാന്‍ പത്തനംതിട്ട പോലീസ് പറഞ്ഞതുകൊണ്ടാണ് വഴിയടച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായ രമേശ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം നിയന്ത്രിക്കേണ്ട പോലീസ് പാറയിലേക്ക് കയറുന്ന വഴി അടയ്ക്കുവാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ പോലീസിന് ആരാണ് ഇതിന് അധികാരം നല്കിയത് എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം.
ചുട്ടിപ്പാറയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാല്‍ പോലും ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിയുമായിരുന്നു. റവന്യു, പത്തനംതിട്ട നഗരസഭ, പോലീസ് അധികാരികള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടുവാന്‍ വ്യക്തമായ സ്വാതന്ത്ര്യവുമുണ്ട്. എന്നിട്ടും സ്വകാര്യ വ്യക്തികളുടെ കയ്യില്‍ ചുട്ടിപ്പാറ മലയുടെ താക്കോല്‍ ഏല്‍പ്പിക്കുവാന്‍ എങ്ങനെ കഴിഞ്ഞു എന്നതും ജനങ്ങള്‍ ചോദിക്കുന്ന പ്രധാന ചോദ്യമാണ്.
































