ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധി എതിരായ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ അഭിഭാഷക മാറ്റത്തിൽ നാടകീയമായ നീക്കങ്ങൾ. വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് അഭിഭാഷകനായ സുഭാഷ്ചന്ദ്രൻ ഒപ്പിട്ട് നൽകിയില്ല. ഇതോടെ പുതുതായി നിയമിതനായ അഭിഭാഷകൻ സുൽഫിക്കർ അലിക്ക് കോടതിയിൽ വക്കാലത്ത് ഇടാൻ കഴിഞ്ഞില്ല. സർവകലാശാലയ്ക്കുവേണ്ടി രണ്ട് അഭിഭാഷകരും ഇന്ന് കോടതിയിൽ ഹാജരാകാൻ തയ്യാറെടുക്കുകയാണ്. പ്രിയ വർഗീസ് കേസിൽ കോടതിയിൽ സർവകലാശാലയുടെ വക്കാലത്ത് ഇടാൻ പുതുതായി നിയമിതനായ അഭിഭാഷകൻ സുൽഫിക്കർ അലി നടപടി ആരംഭിച്ചിരുന്നു. സർവകലാശാല വക്കാലത്തിൽ മുൻ അഭിഭാഷകൻ നോ ഒബ്ജക്ഷൻ നൽകിയാൽ മാത്രമേ വക്കാലത്ത് മാറ്റാൻ കഴിയൂ.
ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് അയച്ചുനൽകിയ വക്കാലത്തിന്റെ സ്കാൻ ചെയ്ത കോപ്പി സുൽഫിക്കർ അലി മുൻ അഭിഭാഷകന് കൈമാറാൻ ശ്രമിച്ചു. എന്നാൽ, സുപ്രീം കോടതിയിലെ കീഴ്വഴക്കപ്രകാരം വക്കാലത്തിന്റെ ഒർജിനലിൽ മാത്രമേ നോ ഒബ്ജക്ഷൻ നൽകൂ എന്ന് സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷക മാറ്റം പ്രതിസന്ധിയിലായത്. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഈ ബെഞ്ചിന് മുമ്പാകെ ഇന്ന് കണ്ണൂർ സർവകലാശാലക്കുവേണ്ടി സുഭാഷ് ചന്ദ്രനും സുൽഫിക്കർ അലിയും ഹാജരാകും. കോടതി ആരാഞ്ഞാൽ പ്രിയയുടെ നിയമനം ചട്ടപ്രകാരം ആണെന്ന നിലപാട് സുഭാഷ് കോടതിയെ അറിയിക്കും. എന്നാൽ, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് സുൽഫിക്കർ അലി കോടതിയിൽ ഉന്നയിക്കാൻ പോകുന്നത്. കോടതി ഇതിൽ ഏത് നിലപാട് കേൾക്കുമെന്നതാണ് അറിയേണ്ടത്.






























