കൊച്ചി : പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവില്‍. ശാന്തമ്മയെ കസ്റ്റഡിയില്‍ എടുക്കാനായി നെടുമങ്ങാട് നിന്നുള്ള പോലീസ് സംഘം അങ്കമാലിയിലെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ശാന്തമ്മയെ പിടികൂടുന്നതിനുള്ള നടപടികള്‍ പോലീസ് ഊര്‍ജിതമാക്കി.
മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പോലീസ് കഴിഞ്ഞ മാസം 25ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ശാന്തമ്മ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാലാണ് അന്ന് കസ്റ്റഡിയില്‍ എടുക്കാതിരുന്നത്.
തുടര്‍ന്ന് ഇന്നലെ ശാന്തമ്മയെ അറസ്റ്റ് ചെയ്യാനായി നെടുമങ്ങാട് നിന്നുള്ള പോലീസ് അങ്കമാലിയില്‍ എത്തിയെങ്കിലും പിടികൂടാനായില്ല. ഒരാഴ്ചയായി വീട് പൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് മകളുടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും ഇവിടെയും അവര്‍ ഉണ്ടായിരുന്നില്ല. ശാന്തമ്മ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 13നായിരുന്നു നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരില്‍ ഉണ്ണി പ്രിയങ്കയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സംഭവത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്.