റാന്നി : പമ്പയില്‍ അനിയന്ത്രിതമായി പ്രളയജലം ഉയര്‍ന്നു കനാലിലും കിണറിലും ചെളി അടിഞ്ഞതും കാരണം നിർത്തിവെക്കേണ്ടി വന്ന പെരുന്തേനരുവി വൈദ്യുത പദ്ധതിയിൽ ഉദ്പാദനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പെരുമഴയയെത്തുടർന്ന് വെള്ളത്തിന്റെ നില അനിയന്ത്രിതമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് ഉദ്പാദനം നിർത്തേണ്ടി വന്നത്. പദ്ധതിയിൽ ചെളിയടിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉദ്പാദനത്തിനായി കനാൽ വഴി മതിയായ അളവിൽ വെള്ളം പോകാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു.
എന്നാൽ കംപ്രസർ ഉപയോഗിച്ച് ചെളി വലിച്ചെടുത്ത് കളയാൻ ശ്രമം നടത്തിയിരുന്നു. അത് കുറെയൊക്കെ വിജയിച്ചെങ്കിലും കിഴക്കൻ മേഖലയിലെ അനിയന്ത്രിതമായ മഴ കാരണം വെള്ളത്തിന്റെ നില ഉയരുന്ന സ്ഥിതിയാണ്. ഇതു മൂലം ഈ പ്രവർത്തിയും ഇടക്ക് നിർത്തേണ്ടിവന്നിരുന്നു. ജലനിരപ്പ് കുറെയെങ്കിലും താഴാതെ പൂർണ്ണമായി ചെളി നീക്കം സാധ്യമല്ലാത്ത സ്ഥിതിയാണിപ്പോൾ. വൈദ്യുതി ഉദ്പാദനം നടക്കാത്തതിനെ തുടർന്ന് ജലനിരപ്പു താഴാതെ നിൽക്കുന്നതു മൂലം തൊട്ടു മുകളിലുള്ള കുരുമ്പൻ മൂഴി കോസ് വെയും ഒരു മാസത്തോളമായി മൂടപ്പെട്ട നിലയിലാണ്. ഇതു മൂലം നദിക്ക് അക്കരെയുള്ള 280 ഓളം കുടുംബങ്ങളാണ് ബാഹ്യലോകവുമായി ഒറ്റപ്പെട്ടു പോയിട്ടുള്ളത്.
പെരുന്തേനരുവി 33 കെ.വി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി റാന്നി സബ് സ്റ്റേഷനിലേക്കാണ് നൽകി വന്നത്. റാന്നി സബ് സ്റ്റേഷനിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ പെരുനാട് സബ് സ്റ്റേഷനിലേക്കും വൈദ്യുതി നൽകാറുണ്ട്. ഇതിനു പുറമെ തദ്ദേശീയമായി നവോദയ, ഇടത്തിക്കാവു, കടുമീൻചിറ ഫീഡറുകളിലേക്കും വൈദ്യുതി നൽകി വന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പു താഴ്ന്ന് ചെളി നീക്കി വൈദ്യുതി ഉദ്പാദനം എന്നത്തേക്ക് പുനരാരംഭിക്കാൻ കഴിയും എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്.