ന്യൂഡൽഹി : രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥർ വിരമിച്ച ശേഷം വകുപ്പുമായും ജോലിയുമായും ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുന്നതു വിലക്കി സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ബന്ധപ്പെട്ട ഏജൻസി മേധാവിയുടെ അനുമതി വാങ്ങി മാത്രമേ ഇനി ഇത്തരം വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനാകൂ.
പല ഉദ്യോഗസ്ഥരും വിരമിച്ച ശേഷം എഴുതിയ പുസ്തകങ്ങളിലെ വെളിപ്പെടുത്തലുകൾ വിവാദമായ സാഹചര്യത്തിലാണു പുതിയ ഭേദഗതി. അതീവ രഹസ്യമായി നടത്തിയ നീക്കങ്ങളുടെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നതു തടയാനാണിത്.
1972 ലെ സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങളുടെ എട്ടാം വകുപ്പിലാണു മാറ്റം. ഇതു ലംഘിച്ചാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഭാഗികമായോ പൂർണമായോ തടയാനും പിൻവലിക്കാനും വ്യവസ്ഥയുണ്ട്. രാജ്യതാൽപര്യങ്ങൾ മറ്റു രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിവരങ്ങളും അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തരുതെന്നു ഭേദഗതിയിൽ പറയുന്നു. പ്രസിദ്ധപ്പെടുത്താൻ അനുമതി നൽകണോ എന്നതു മേലധികാരിയുടെ മാത്രം തീരുമാനമാകും. അനുമതിയില്ലാതെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തില്ലെന്ന് പെൻഷൻകാർ ഫോം 26ൽ സത്യവാങ്മൂലം നൽകണം.