പത്തനംതിട്ട : പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചു എന്ന് കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു വർഷക്കാലമായി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതെ ബോധപൂർവ്വം കുടിശികയാക്കുകയും വിദ്യാർത്ഥികളുടെ പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടികജാതി – വർഗ സംയുക്ത സമിതി പത്തനംതിട്ട ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്ക്കോളർഷിപ്പിന് ഏർപ്പെടുത്തിയ വരുമാന പരിധി എടുത്തു കളയുക, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജാതി സെൻസസ് നടപ്പാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുനിൽ വലഞ്ചുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമിതി ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡന്റ് പി.എൻ. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.സി.കെ.സുരേന്ദ്രനാഥ് കേരള പുലയർ മഹാസഭ സംസ്ഥാന ട്രഷറർ ജി.സുരേന്ദ്രൻ, കേരള സാംബവർ സൊസൈറ്റി ജില്ല സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് പി. വേണുഗോപാലൻ, ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സി.കെ.അജിത് കുമാർ, കേരള സാംബവർ സൊസൈറ്റി സംസ്ഥാന രജിസ്ട്രാർ എം.കെ.ശിവൻകുട്ടി, കൊടുമൺ സോമൻ, പി.എ. നാരായണൻ, ആർ.വിക്രമൻ, വി.പി.മോഹനൻ, ശശിധരൻ കൂടൽ, സി.എ. രവീന്ദ്രൻ, എൻ.ശാന്തകുമാർ, പി.കെ. സരസൻ, അരുൺ കുമാർ, റ്റി.റ്റി.സുശീലൻ, അജയൻ പി.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.