തിരുവനന്തപുരം : കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ എലി കരണ്ടെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തൊണ്ടിമുതലാണ് പകുതി ഭാഗം കരണ്ട നിലയില്‍ കണ്ടെത്തിയത്. 2016ല്‍ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഇത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ സാബുവിനെ കന്റോണ്‍മെന്റ് പോലിസ് പിടികൂടിയിരുന്നു. 125 ഗ്രാം കഞ്ചാവുമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിന്റെ വിചാരണ നടപടികള്‍ക്കായി തൊണ്ടിമുതല്‍ പുറത്തെടുത്തപ്പോഴാണ് ഇതില്‍ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.